Malayalam Quran | ഖുറാൻ വായിക്കുക

Chapter 84 (Sura 84)
1; ആകാശം പിളരുമ്പോള്‍,
2; അത്‌ അതിന്‍റെ രക്ഷിതാവിന്‌ കീഴ്പെടുകയും ചെയ്യുമ്പോള്‍-അത്‌ ( അങ്ങനെ കീഴ്പെടാന്‍ ) കടപ്പെട്ടിരിക്കുന്നുതാനും.
3; ഭൂമി നീട്ടപ്പെടുമ്പോള്‍
4; അതിലുള്ളത്‌ അത്‌ ( പുറത്തേക്ക്‌ ) ഇടുകയും, അത്‌ കാലിയായിത്തീരുകയും ചെയ്യുമ്പോള്‍,
5; അതിന്‍റെ രക്ഷിതാവിന്‌ അത്‌ കീഴ്പെടുകയും ചെയ്യുമ്പോള്‍- അത്‌ ( അങ്ങനെ കീഴ്പെടാന്‍ ) കടപ്പെട്ടിരിക്കുന്നു താനും.
6; ഹേ, മനുഷ്യാ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു.
7; എന്നാല്‍ ( പരലോകത്ത്‌ ) ഏതൊരുവന്ന്‌ തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ,
8; അവന്‍ ലഘുവായ വിചാരണയ്ക്ക്‌ ( മാത്രം ) വിധേയനാകുന്നതാണ്‌.
9; അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ സന്തുഷ്ടനായിക്കൊണ്ട്‌ തിരിച്ചുപോകുകയും ചെയ്യും.
10; എന്നാല്‍ ഏതൊരുവന്‌ തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ
11; അവന്‍ നാശമേ എന്ന്‌ നിലവിളിക്കുകയും,
12; ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന്‌ എരിയുകയും ചെയ്യും.
13; തീര്‍ച്ചയായും അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു.
14; തീര്‍ച്ചയായും അവന്‍ ധരിച്ചു; അവന്‍ മടങ്ങി വരുന്നതേ അല്ല എന്ന്‌.
15; അതെ, തീര്‍ച്ചയായും അവന്‍റെ രക്ഷിതാവ്‌ അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു.
16; എന്നാല്‍ അസ്തമയശോഭയെക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു:
17; രാത്രിയും അതു ഒന്നിച്ച്‌ ചേര്‍ക്കുന്നവയും കൊണ്ടും,
18; ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും.
19; തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്‌.
20; എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല.
21; അവര്‍ക്ക്‌ ഖുര്‍ആന്‍ ഓതികൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ്‌ ചെയ്യുന്നുമില്ല.
22; പക്ഷെ അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്‌.
23; അവര്‍ മനസ്സുകളില്‍ സൂക്ഷിച്ച്‌ വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
24; ആകയാല്‍ ( നബിയേ, ) നീ അവര്‍ക്ക്‌ വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
25; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക്‌ മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്‌.

Pages ( 84 of 114 ): « Previous1 ... 8283 84 8586 ... 114Next »