Malayalam Quran | ഖുറാൻ വായിക്കുക

Chapter 75 (Sura 75)
1; ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട്‌ ഞാനിതാ സത്യം ചെയ്യുന്നു.
2; കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
3; മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?
4; അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.
5; പക്ഷെ ( എന്നിട്ടും ) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
6; എപ്പോഴാണ്‌ ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.
7; എന്നാല്‍ കണ്ണ്‌ അഞ്ചിപ്പോകുകയും
8; ചന്ദ്രന്ന്‌ ഗ്രഹണം ബാധിക്കുകയും
9; സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
10; അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ്‌ ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.
11; ഇല്ല. യാതൊരു രക്ഷയുമില്ല.
12; നിന്‍റെ രക്ഷിതാവിങ്കലേക്കാണ്‌ അന്നേ ദിവസം ചെന്നുകൂടല്‍.
13; അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന്‌ വിവരമറിയിക്കപ്പെടും.
14; തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
15; അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
16; നീ അത്‌ ( ഖുര്‍ആന്‍ ) ധൃതിപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട്‌ നിന്‍റെ നാവ്‌ ചലിപ്പിക്കേണ്ട.
17; തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
18; അങ്ങനെ നാം അത്‌ ഓതിത്തന്നാല്‍ ആ ഓത്ത്‌ നീ പിന്തുടരുക.
19; പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
20; അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
21; പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
22; ചില മുഖങ്ങള്‍ അന്ന്‌ പ്രസന്നതയുള്ളതും
23; അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക്‌ ദൃഷ്ടി തിരിച്ചവയുമായിരിക്കും.
24; ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
25; ഏതോ അത്യാപത്ത്‌ അവയെ പിടികൂടാന്‍ പോകുകയാണ്‌ എന്ന്‌ അവര്‍ വിചാരിക്കും.
26; അല്ല, ( പ്രാണന്‍ ) തൊണ്ടക്കുഴിയില്‍ എത്തുകയും,
27; മന്ത്രിക്കാനാരുണ്ട്‌ എന്ന്‌ പറയപ്പെടുകയും,
28; അത്‌ ( തന്‍റെ ) വേര്‍പാടാണെന്ന്‌ അവന്‍ വിചാരിക്കുകയും,
29; കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,
30; അന്ന്‌ നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.
31; എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
32; പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
33; എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട്‌ അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ പോയി
34; ( ശിക്ഷ ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
35; വീണ്ടും നിനക്കേറ്റവും അര്‍ഹമായത്‌ തന്നെ. നിനക്കേറ്റവും അര്‍ഹമായത്‌ തന്നെ
36; മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌!
37; അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
38; പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു ( അവനെ ) സൃഷ്ടിച്ചു സംവിധാനിച്ചു.
39; അങ്ങനെ അതില്‍ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
40; അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?

Pages ( 75 of 114 ): « Previous1 ... 7374 75 7677 ... 114Next »