Malayalam Quran | ഖുറാൻ വായിക്കുക

Chapter 77 (Sura 77)
1; തുടരെത്തുടരെ അയക്കപ്പെടുന്നവയും,
2; ശക്തിയായി ആഞ്ഞടിക്കുന്നവയും,
3; പരക്കെ വ്യാപിപ്പിക്കുന്നവയും,
4; വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും,
5; ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;
6; ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ
7; തീര്‍ച്ചയായും നിങ്ങളോട്‌ താക്കീത്‌ ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
8; നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
9; ആകാശം പിളര്‍ത്തപ്പെടുകയും,
10; പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,
11; ദൂതന്‍മാര്‍ക്ക്‌ സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!
12; ഏതൊരു ദിവസത്തേക്കാണ്‌ അവര്‍ക്ക്‌ അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌?
13; തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌!
14; ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന്‌ നിനക്കറിയുമോ?
15; അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
16; പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
17; പിന്നീട്‌ പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌.
18; അപ്രകാരമാണ്‌ നാം കുറ്റവാളികളെക്കൊണ്ട്‌ പ്രവര്‍ത്തിക്കുക.
19; അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.
20; നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന്‌ നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?
21; എന്നിട്ട്‌ നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.
22; നിശ്ചിതമായ ഒരു അവധി വരെ.
23; അങ്ങനെ നാം ( എല്ലാം ) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!
24; അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
25; ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?
26; മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.
27; അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.
28; അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
29; ( ഹേ, സത്യനിഷേധികളേ, ) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത്‌ അതിലേക്ക്‌ നിങ്ങള്‍ പോയി ക്കൊള്ളുക.
30; മൂന്ന്‌ ശാഖകളുള്ള ഒരു തരം തണലിലേക്ക്‌ നിങ്ങള്‍ പോയിക്കൊള്ളുക.
31; അത്‌ തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്നതുമല്ല.
32; തീര്‍ച്ചയായും അത്‌ ( നരകം ) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.
33; അത്‌ ( തീപ്പൊരി ) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.
34; അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
35; അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌.
36; അവര്‍ക്ക്‌ ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.
37; അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
38; ( അന്നവരോട്‌ പറയപ്പെടും: ) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
39; ഇനി നിങ്ങള്‍ക്ക്‌ വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.
40; അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
41; തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ ( സ്വര്‍ഗത്തില്‍ ) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു.
42; അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും.
43; ( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.
44; തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.
45; അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
46; ( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.
47; അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
48; അവരോട്‌ കുമ്പിടൂ എന്ന്‌ പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുകയില്ല.
49; അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
50; ഇനി ഇതിന്‌ ( ഖുര്‍ആന്ന്‌ ) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ്‌ അവര്‍ വിശ്വസിക്കുന്നത്‌?

Pages ( 77 of 114 ): « Previous1 ... 7576 77 7879 ... 114Next »