Malayalam Quran | ഖുറാൻ വായിക്കുക

Chapter 25 (Sura 25)
1; തന്‍റെ ദാസന്‍റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക്‌ ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്‌.
2; ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആര്‍ക്കാണോ അവനത്രെ ( അത്‌ അവതരിപ്പിച്ചവന്‍. ) അവന്‍ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന്‌ യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
3; അവന്ന്‌ പുറമെ പല ദൈവങ്ങളേയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവര്‍ ( ദൈവങ്ങള്‍ ) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്‍ക്ക്‌ തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല.
4; സത്യനിഷേധികള്‍ പറഞ്ഞു: ഇത്‌ ( ഖുര്‍ആന്‍ ) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന്‌ സഹായിച്ചിട്ടുമുണ്ട്‌. എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ്‌ ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്‌.
5; ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌. ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.
6; ( നബിയേ, ) പറയുക: ആകാശങ്ങളിലെയും ഭൂമിയിലെയും രഹസ്യമറിയുന്നവനാണ്‌ ഇത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
7; അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല?
8; അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ ( കായ്കനികള്‍ ) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? ( റസൂലിനെ പറ്റി ) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.
9; അവര്‍ നിന്നെക്കുറിച്ച്‌ എങ്ങനെയാണ്‌ ചിത്രീകരണങ്ങള്‍ നടത്തിയതെന്ന്‌ നോക്കൂ. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ യാതൊരു മാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്ക്‌ സാധിക്കുകയില്ല.
10; താന്‍ ഉദ്ദേശിക്കുന്ന പക്ഷം അതിനെക്കാള്‍ ഉത്തമമായത്‌ അഥവാ താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന തോപ്പുകള്‍ നിനക്ക്‌ നല്‍കുവാനും നിനക്ക്‌ കൊട്ടാരങ്ങള്‍ ഉണ്ടാക്കിത്തരുവാനും കഴിവുള്ളവനാരോ അവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു.
11; അല്ല, അന്ത്യസമയത്തെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കുന്നു. അന്ത്യസമയത്തെ നിഷേധിച്ച്‌ തള്ളിയവര്‍ക്ക്‌ കത്തിജ്വലിക്കുന്ന നരകം നാം ഒരുക്കിവെച്ചിരിക്കുന്നു.
12; ദൂരസ്ഥലത്ത്‌ നിന്ന്‌ തന്നെ അത്‌ അവരെ കാണുമ്പോള്‍ ക്ഷോഭിച്ചിളകുന്നതും ഇരമ്പുന്നതും അവര്‍ക്ക്‌ കേള്‍ക്കാവുന്നതാണ്‌.
13; അതില്‍ ( നരകത്തില്‍ ) ഒരു ഇടുങ്ങിയ സ്ഥലത്ത്‌ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട നിലയില്‍ അവരെ ഇട്ടാല്‍ അവിടെ വെച്ച്‌ അവര്‍ നാശമേ, എന്ന്‌ വിളിച്ചുകേഴുന്നതാണ്‌.
14; ഇന്ന്‌ നിങ്ങള്‍ ഒരു നാശത്തെ വിളിക്കേണ്ടതില്ല. ധാരാളം നാശത്തെ വിളിച്ചുകൊള്ളുക. ( എന്നായിരിക്കും അവര്‍ക്ക്‌ കിട്ടുന്ന മറുപടി )
15; ( നബിയേ, ) പറയുക; അതാണോ ഉത്തമം, അതല്ല ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ശാശ്വത സ്വര്‍ഗമാണോ? അതായിരിക്കും അവര്‍ക്കുള്ള പ്രതിഫലവും ചെന്ന്‌ ചേരാനുള്ള സ്ഥലവും.
16; തങ്ങള്‍ ഉദ്ദേശിക്കുന്നതെന്തും അവര്‍ക്കവിടെ ഉണ്ടായിരിക്കുന്നതാണ്‌. അവര്‍ നിത്യവാസികളായിരിക്കും. അത്‌ നിന്‍റെ രക്ഷിതാവ്‌ ബാധ്യത ഏറ്റിട്ടുള്ള വാഗ്ദാനമാകുന്നു. ചോദിക്കപ്പെടാവുന്നതുമാകുന്നു.
17; അവരെയും അല്ലാഹുവിന്‌ പുറമെ അവര്‍ ആരാധിക്കുന്നവയെയും അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ടവന്‍ ( ആരാധ്യരോട്‌ ) പറയും: എന്‍റെ ഈ ദാസന്‍മാരെ നിങ്ങള്‍ വഴിപിഴപ്പിച്ചതാണോ അതല്ല അവര്‍ തന്നെ വഴിതെറ്റിപ്പോയതാണോ?
18; അവര്‍ ( ആരാധ്യര്‍ ) പറയും: നീ എത്ര പരിശുദ്ധന്‍! നിനക്ക്‌ പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത്‌ ഞങ്ങള്‍ക്ക്‌ യോജിച്ചതല്ല. പക്ഷെ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സൌഖ്യം നല്‍കി. അങ്ങനെ അവര്‍ ഉല്‍ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.
19; അപ്പോള്‍ ബഹുദൈവാരാധകരോട്‌ അല്ലാഹു പറയും: ) നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി ( ശിക്ഷ ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങള്‍ക്ക്‌ സാധിക്കുന്നതല്ല. അതിനാല്‍ ( മനുഷ്യരേ, ) നിങ്ങളില്‍ നിന്ന്‌ അക്രമം ചെയ്തവരാരോ അവന്ന്‌ നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌.
20; ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക്‌ മുമ്പ്‌ ദൂതന്‍മാരില്‍ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങള്‍ ക്ഷമിക്കുമോ എന്ന്‌ നോക്കാനായി നിങ്ങളില്‍ ചിലരെ ചിലര്‍ക്ക്‌ നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. (നിന്‍റെ രക്ഷിതാവ്‌ ( എല്ലാം ) കണ്ടറിയുന്നവനാകുന്നു.
21; നമ്മെ കണ്ടുമുട്ടാന്‍ ആശിക്കാത്തവര്‍ പറഞ്ഞു: നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുകയോ, നമ്മുടെ രക്ഷിതാവിനെ നാം ( നേരില്‍ ) കാണുകയോ ചെയ്യാത്തതെന്താണ്‌? തീര്‍ച്ചയായും അവര്‍ സ്വയം ഗര്‍വ്വ്‌ നടിക്കുകയും, വലിയ ധിക്കാരം കാണിക്കുകയും ചെയ്തിരിക്കുന്നു.
22; മലക്കുകളെ അവര്‍ കാണുന്ന ദിവസം( ശ്രദ്ധേയമാകുന്നു. ) അന്നേ ദിവസം കുറ്റവാളികള്‍ക്ക്‌ യാതൊരു സന്തോഷവാര്‍ത്തയുമില്ല. കര്‍ക്കശമായ വിലക്ക്‌ കല്‍പിക്കപ്പെട്ടിരിക്കുകയാണ്‌ എന്നായിരിക്കും അവര്‍ ( മലക്കുകള്‍ ) പറയുക.
23; അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും.
24; അന്ന്‌ സ്വര്‍ഗവാസികള്‍ ഉത്തമമായ വാസസ്ഥലവും ഏറ്റവും നല്ല വിശ്രമസ്ഥലവുമുള്ളവരായിരിക്കും.
25; ആകാശം പൊട്ടിപ്പിളര്‍ന്ന്‌ വെണ്‍മേഘപടലം പുറത്ത്‌ വരുകയും, മലക്കുകള്‍ ശക്തിയായി ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം.
26; അന്ന്‌ യഥാര്‍ത്ഥമായ ആധിപത്യം പരമകാരുണികന്നായിരിക്കും. സത്യനിഷേധികള്‍ക്ക്‌ വിഷമകരമായ ഒരു ദിവസമായിരിക്കും അത്‌.
27; അക്രമം ചെയ്തവന്‍ തന്‍റെ കൈകള്‍ കടിക്കുന്ന ദിവസം. അവന്‍ പറയും റസൂലിന്‍റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ,
28; എന്‍റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.
29; എനിക്ക്‌ ബോധനം വന്നുകിട്ടിയതിന്‌ ശേഷം അതില്‍ നിന്നവന്‍ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച്‌ മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു.
30; ( അന്ന്‌ ) റസൂല്‍ പറയും: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു.
31; അപ്രകാരം തന്നെ ഓരോ പ്രവാചകന്നും കുറ്റവാളികളില്‍ പെട്ട ചില ശത്രുക്കളെ നാം ഏര്‍പെടുത്തിയിരിക്കുന്നു. മാര്‍ഗദര്‍ശകനായും സഹായിയായും നിന്‍റെ രക്ഷിതാവ്‌ തന്നെ മതി.
32; സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന്‌ ഖുര്‍ആന്‍ ഒറ്റതവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്‌. അത്‌ അപ്രകാരം ( ഘട്ടങ്ങളിലായി അവതരിപ്പിക്കുക ) തന്നെയാണ്‌ വേണ്ടത്‌. അത്‌ കൊണ്ട്‌ നിന്‍റെ ഹൃദയത്തെ ഉറപ്പിച്ച്‌ നിര്‍ത്തുവാന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത്‌ പാരായണം ചെയ്ത്‌ കേള്‍പിക്കുകയും ചെയ്തിരിക്കുന്നു.
33; അവര്‍ ഏതൊരു പ്രശ്നവും കൊണ്ട്‌ നിന്‍റെ അടുത്ത്‌ വരികയാണെങ്കിലും അതിന്‍റെ യാഥാര്‍ത്ഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക്‌ നാം കൊണ്ട്‌ വന്ന്‌ തരാതിരിക്കില്ല.
34; മുഖങ്ങള്‍ നിലത്ത്‌ കുത്തിയ നിലയില്‍ നരകത്തിലേക്ക്‌ തെളിച്ചു കൂട്ടപ്പെടുന്നവരാരോ അവരാണ്‌ ഏറ്റവും മോശമായ സ്ഥാനത്ത്‌ നില്‍ക്കുന്നവരും, ഏറ്റവും വഴിപിഴച്ചു പോയവരും.
35; മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നല്‍കുകയും, അദ്ദേഹത്തിന്‍റെ സഹോദരന്‍ ഹാറൂനെ അദ്ദേഹത്തോടൊപ്പം നാം സഹായിയായി നിശ്ചയിക്കുകയും ചെയ്തു.
36; എന്നിട്ട്‌ നാം പറഞ്ഞു: നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു കളഞ്ഞ ജനതയുടെ അടുത്തേക്ക്‌ നിങ്ങള്‍ പോകുക തുടര്‍ന്ന്‌ നാം ആ ജനതയെ പാടെ തകര്‍ത്തു കളഞ്ഞു.
37; നൂഹിന്‍റെ ജനതയേയും ( നാം നശിപ്പിച്ചു. ) അവര്‍ ദൂതന്‍മാരെ നിഷേധിച്ചു കളഞ്ഞപ്പോള്‍ നാം അവരെ മുക്കി നശിപ്പിച്ചു. അവരെ നാം മനുഷ്യര്‍ക്ക്‌ ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു. അക്രമികള്‍ക്ക്‌ ( പരലോകത്ത്‌ ) വേദനയേറിയ ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
38; ആദ്‌ സമുദായത്തേയും, ഥമൂദ്‌ സമുദായത്തെയും, റസ്സുകാരെയും അതിന്നിടയിലായി അനേകം തലമുറകളേയും ( നാം നശിപ്പിച്ചിട്ടുണ്ട്‌. )
39; എല്ലാവര്‍ക്കും നാം ഉദാഹരണങ്ങള്‍ വിവരിച്ചുകൊടുത്തു. ( അത്‌ തള്ളിക്കളഞ്ഞപ്പോള്‍ ) എല്ലാവരെയും നാം നിശ്ശേഷം നശിപ്പിച്ചു കളയുകയും ചെയ്തു.
40; ആ ചീത്ത മഴ വര്‍ഷിക്കപ്പെട്ട നാട്ടിലൂടെ ഇവര്‍ കടന്നുവന്നിട്ടുണ്ടല്ലോ. അപ്പോള്‍ ഇവരത്‌ കണ്ടിരുന്നില്ലേ? അല്ല, ഇവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്‌ പ്രതീക്ഷിക്കാത്തവരാകുന്നു.
41; നിന്നെ അവര്‍ കാണുമ്പോള്‍ നിന്നെ ഒരു പരിഹാസപാത്രമാക്കിക്കൊണ്ട്‌, അല്ലാഹു ദൂതനായി നിയോഗിച്ചിരിക്കുന്നത്‌ ഇവനെയാണോ? എന്ന്‌ ചോദിക്കുക മാത്രമായിരിക്കും അവര്‍ ചെയ്യുന്നത്‌.
42; നമ്മുടെ ദൈവങ്ങളുടെ കാര്യത്തില്‍ നാം ക്ഷമയോടെ ഉറച്ചുനിന്നിട്ടില്ലെങ്കില്‍ അവയില്‍ നിന്ന്‌ ഇവന്‍ നമ്മെ തെറ്റിച്ചുകളയാനിടയാകുമായിരുന്നു ( എന്നും അവര്‍ പറഞ്ഞു. ) ശിക്ഷ നേരില്‍ കാണുന്ന സമയത്ത്‌ അവര്‍ക്കറിയുമാറാകും; ആരാണ്‌ ഏറ്റവും വഴിപിഴച്ചവന്‍ എന്ന്‌.
43; തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ ? എന്നിരിക്കെ നീ അവന്‍റെ കാര്യത്തിന്‌ ചുമതലപ്പെട്ടവനാകുമോ?
44; അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന്‌ നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍.
45; നിന്‍റെ രക്ഷിതാവിനെ സംബന്ധിച്ച്‌ നീ ചിന്തിച്ച്‌ നോക്കിയിട്ടില്ലേ? എങ്ങനെയാണ്‌ അവന്‍ നിഴലിനെ നീട്ടിയത്‌ എന്ന്‌. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ അവന്‍ നിശ്ചലമാക്കുമായിരുന്നു. എന്നിട്ട്‌ നാം സൂര്യനെ അതിന്ന്‌ തെളിവാക്കി.
46; പിന്നീട്‌ നമ്മുടെ അടുത്തേക്ക്‌ നാം അതിനെ അല്‍പാല്‍പമായി പിടിച്ചെടുത്തു.
47; അവനത്രെ നിങ്ങള്‍ക്ക്‌ വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ്‌ സമയമാക്കുകയും ചെയ്തിരിക്കുന്നു.
48; തന്‍റെ കാരുണ്യത്തിന്‍റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത്‌ നിന്ന്‌ ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.
49; നിര്‍ജീവമായ നാടിന്‌ അത്‌ മുഖേന നാം ജീവന്‍ നല്‍കുവാനും, നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത്‌ കുടിപ്പിക്കുവാനും വേണ്ടി.
50; അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത്‌ ( മഴവെള്ളം ) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട്‌ കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല.
51; നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാ നാട്ടിലും ഓരോ താക്കീതുകാരനെ നാം നിയോഗിക്കുമായിരുന്നു.
52; അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്‌. ഇത്‌ ( ഖുര്‍ആന്‍ ) കൊണ്ട്‌ നീ അവരോട്‌ വലിയൊരു സമരം നടത്തിക്കൊള്ളുക.
53; രണ്ട്‌ ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന്‌ സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന്‌ അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
54; അവന്‍ തന്നെയാണ്‌ വെള്ളത്തില്‍ നിന്ന്‌ മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്‌. നിന്‍റെ രക്ഷിതാവ്‌ കഴിവുള്ളവനാകുന്നു.
55; അല്ലാഹുവിന്‌ പുറമെ അവര്‍ക്ക്‌ ഉപകാരമുണ്ടാക്കുകയോ ഉപദ്രവമുണ്ടാക്കുകയോ ചെയ്യാത്തതിനെ അവര്‍ ആരാധിക്കുന്നു. സത്യനിഷേധി തന്‍റെ രക്ഷിതാവിനെതിരെ ( ദുശ്ശക്തികള്‍ക്ക്‌ ) പിന്തുണ നല്‍കുന്നവനായിരിക്കുന്നു.
56; ( നബിയേ, ) ഒരു സന്തോഷവാര്‍ത്തക്കാരനായിക്കൊണ്ടും, താക്കീതുകാരനായിക്കൊണ്ടുമല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല.
57; പറയുക: ഞാന്‍ ഇതിന്‍റെ പേരില്‍ നിങ്ങളോട്‌ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. വല്ലവനും നിന്‍റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിക്കണം എന്ന്‌ ഉദ്ദേശിക്കുന്നുവെങ്കില്‍ ( അങ്ങനെ ചെയ്യാം എന്ന്‌ ) മാത്രം.
58; ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്‍റെ ദാസന്‍മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട്‌ അവന്‍ തന്നെ മതി.
59; ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട്‌ അവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട്‌ തന്നെ ചോദിക്കുക.
60; പരമകാരുണികന്‌ നിങ്ങള്‍ പ്രണാമം ചെയ്യുക എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ പറയും: എന്താണീ പരമകാരുണികന്‍ ? നീ ഞങ്ങളോട്‌ കല്‍പിക്കുന്നതിന്‌ ഞങ്ങള്‍ പ്രണാമം ചെയ്യുകയോ? അങ്ങനെ അത്‌ അവരുടെ അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്തത്‌.
61; ആകാശത്ത്‌ നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും ( സൂര്യന്‍ ) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.
62; അവന്‍ തന്നെയാണ്‌ രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍. ആലോചിച്ച്‌ മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ ( ദൃഷ്ടാന്തമായിരിക്കുവാനാണത്‌. )
63; പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.
64; തങ്ങളുടെ രക്ഷിതാവിന്‌ പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന്‌ നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍.
65; ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു.
66; തീര്‍ച്ചയായും അത്‌ ( നരകം ) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു.
67; ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.
68; അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.
69; ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട്‌ അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും.
70; പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക്‌ അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക്‌ പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.
71; വല്ലവനും പശ്ചാത്തപിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക്‌ ശരിയായ നിലയില്‍ മടങ്ങുകയാണ്‌ അവന്‍ ചെയ്യുന്നത്‌.
72; വ്യാജത്തിന്‌ സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട്‌ കടന്നുപോകുന്നവരുമാകുന്നു അവര്‍.
73; തങ്ങളുടെ രക്ഷിതാവിന്‍റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായിക്കൊണ്ട്‌ അതിന്‍മേല്‍ ചാടിവീഴാത്തവരുമാകുന്നു അവര്‍
74; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക്‌ നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക്‌ ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന്‌ പറയുന്നവരുമാകുന്നു അവര്‍.
75; അത്തരക്കാര്‍ക്ക്‌ തങ്ങള്‍ ക്ഷമിച്ചതിന്‍റെ പേരില്‍ ( സ്വര്‍ഗത്തില്‍ ) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്‌. അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്‌.
76; അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാര്‍പ്പിടവും!
77; ( നബിയേ, ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ എന്ത്‌ പരിഗണന നല്‍കാനാണ്‌ ? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച്‌ തള്ളിയിരിക്കുകയാണ്‌. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും.

Pages ( 25 of 114 ): « Previous1 ... 2324 25 2627 ... 114Next »